ദൈവദശകം
ദൈവമേ! കാത്തുകൊൾകങ്ങു കൈവിടാതിങ്ങു ഞങ്ങളെ;
നാവികൻ നീ, ഭവാബ്ധിക്കൊരാവിവൻതോണി നിൻപദം.
ഒന്നൊന്നായെണ്ണിയെണ്ണിത്തൊട്ടെണ്ണും പൊരുളൊടുങ്ങിയാൽ നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം.
അന്നവസ്ത്രാദി മുട്ടാതെതന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നുതന്നെ ഞങ്ങൾക്കു തമ്പുരാൻ.
ആഴിയും തിരയും കാറ്റുമാഴവുംപോലെ ഞങ്ങളും
മായയും നിൻ മഹിമയുംനീയുമെന്നുള്ളിലാകണം.
നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടിക്കുള്ള സാമഗ്രിയായതും.
നീയല്ലോ മായയും മായാവിയും മായാവിനോദനും
നീയല്ലോ മായയെ നീക്കിസ്സായുജ്യം നൽകുമാര്യനും.
നീ സത്യം ജ്ഞാനമാനന്ദം നീതന്നെ വർത്തമാനവും
ഭൂതവും ഭാവിയും വേറല്ലോതും മൊഴിയുമോർക്കിൽ നീ.
അകവും പുറവും തിങ്ങും മഹിമാവാർന്ന നിൻ പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങുഭഗവാനേ, ജയിക്കുക.
ജയിക്കുക മഹാദേവ,ദീനാവനപരായണാ,
ജയിക്കുക ചിദാനന്ദ, ദയാസിന്ധോ ജയിക്കുക.
ആഴമേറും നിൻ മഹസ്സാമാഴിയിൽ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.